സമരത്തിലിരിക്കുന്ന ജൂനിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മമതാ ബാനർജി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ യുവ ഡോക്ടറുടെ ബലാത്സംഗകൊലയിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറി ഡോക്ടർമാർക്ക് കത്തയച്ചു.

സമരവസാനിപ്പിക്കുന്ന കാര്യത്തിൽ ഡോക്ടർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന ടിഎംസി ആരോപണത്തിനിടെയാണ് കൂടിക്കാഴ്ചക്ക് മമത സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു.

അതേസമയം വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം അട്ടിമറിക്കാൻ കൊൽക്കത്ത പൊലീസ് ശ്രമിച്ചെന്ന സിബിഐയുടെ കണ്ടെത്തലിലും പ്രതിഷേധം കനക്കുകയാണ്. മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും സംഭവ സമയത്തെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് വൈകിപ്പിച്ചും പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്നും സിബിഐ പറയുന്നു.