വീണ്ടും കുഴൽക്കിണർ അപകടം; ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് കുട്ടി വീണു

ഡൽഹിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. 40 അടി താഴ്ചയും 1.5 അടി വീതിയമുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി വീണത്. ഇന്ന് പുലർച്ചെ ഡൽഹി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. അതിനാല്‍ തന്നെ എട്ടുമണിക്കൂറിലധികമായി കുട്ടി കുഴല്‍കിണറിനുള്ളിലാണ്. കുട്ടിയുടെ ആരോഗ്യനില ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അധികൃതര്‍ വിവരങ്ങള്‍ കൈമാറിയിട്ടില്ല.

Read more

സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സും ഡൽഹി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണ് ശ്രമം.