ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന, പേരുകള്‍ പുറത്തുവിട്ടു

ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ കൊല്ലപ്പെട്ട സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ പിഎൽഎ കമാൻഡിംഗ് ഓഫീസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഗാൽവൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചതായി ചൈന സമ്മതിക്കുന്നത്.

2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ചെന്‍ ഹോങ്ജുന്‍, ചെന്‍ ഷിയാങ്റോങ്, ഷിയാവോ സിയുവാന്‍, വാങ് ഴുവോറന്‍ എന്നിവര്‍ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല.

1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. അമേരിക്കന്‍- റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 40 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം നല്‍കിയത്. എന്നാല്‍ ചൈന ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ സംഘർഷത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു