'ചൈന ശക്തമായ രാജ്യം തന്നെ, എന്നാല്‍ നമ്മള്‍ ദുര്‍ബലരല്ല'; കരസേന മേധാവി

ചൈന ശക്തമായ രാജ്യമാണെന്നും എന്നാല്‍ ഇന്ത്യ ദുര്‍ബലമായ രാജ്യമല്ലെന്നും കരസേന മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ചൈന വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ശത്രു രാജ്യത്തുനിന്നുള്ള സൈബര്‍, ജൈവ, രാസായുധ ആക്രമണങ്ങള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക ദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദോക് ലായില്‍ ചൈന പിന്നോട്ടു വലിഞ്ഞെങ്കിലും ശൈത്യകാലത്തിനു ശേഷം അവര്‍ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് ചൈനയുള്‍പ്പെടുന്ന വടക്കന്‍ അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാക്കിസ്ഥാനിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ ജൈവായുധ യുദ്ധമുറയില്‍ ചൈനയില്‍ നിന്നു പരിശീലനം നേടിയതായി ഇന്ത്യന്‍ സൈന്യത്തിനു വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ അത്തരം ആക്രമണങ്ങള്‍ അവര്‍ നടത്തിയാല്‍ നേരിടാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികള്‍ ആദ്യമെത്തുന്നതു വടക്കന്‍ കശ്മീരിലാണ്. അതിനാല്‍ അവിടെയും സൈനിക നടപടികള്‍ ശക്തമാക്കും. ബാരാമുള്ള, പഠാന്‍, ഹന്ദ്വാര, കുപ്വാര, സോപോര്‍, ലോലബ് എന്നിവിടങ്ങള്‍ക്കാണ് ഇത്തവണ പ്രധാന്യം കൊടുക്കുക. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റും പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.