പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ വാദത്തെ പിന്തുണച്ച് ചൈന. ആക്രണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന വാദത്തെയാണ് ചൈന പിന്താങ്ങിയിരിക്കുന്നത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പിന്തുണ ചൈന അറിയിച്ചത്.
ഭീകരാക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചുള്ള ഏറ്റവും വിവരങ്ങള്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി വാങ്ങിനെ അറിയിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് വാങ് യി പറഞ്ഞു.
സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, എല്ലാ പാക്കിസ്ഥാന്‍ വീസകളും നിരോധിക്കുക തുടങ്ങിയ നിരവധി നടപടികള്‍ ഇന്ത്യ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇരുപക്ഷവും സംയമനം പാലിച്ച് പരസ്പരം നീങ്ങണമെന്നും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും വാങ് യി പറഞ്ഞു.
Read more
പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്ന് ചൈന പറഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാങ് യി പാകിസ്താനെ അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ റഷ്യയോ ചൈനയോ ഉള്‍പ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.