അതിർത്തിയില്‍ സംഘർഷം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് ചെെന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിംഗിനോട് സമയം ചോദിച്ചു. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
കിഴക്കന്‍ ലഡാക്കിലെ പാങ്ങോംഗ് നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് സേന കടന്നു കയറ്റത്തിന് ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. അഞ്ഞൂറില്‍ അധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാന്‍ ശ്രമിച്ചത്. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ വ്യാഴാഴ്ച ബ്രിഗേഡ് കമാന്‍ഡര്‍തല ചര്‍ച്ച നടന്നെങ്കിലും ചൈനയുടെ കടുത്ത നിലപാട് കാരണം ധാരണയിലെത്താനായില്ല.
സ്ഥിതി വിലയിരുത്താന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ വ്യാഴാഴ്ച ലേയിലെത്തി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയയും കിഴക്കന്‍ എയര്‍കമാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ സൈനിക സംവിധാനം വിലയിരുത്തി.
അതിനിടെ, ചൈനയുടെ കടന്നു കയറ്റശ്രമത്തിന് ഇടയില്‍ ഒരു ഇന്ത്യന്‍ ജവാന്‍ വീരമൃത്യു വരിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് വക്താവാണ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. എസ്എഫ്എഫിലെ ജവാന്‍ നിമ ടെന്‍സിന്‍ (51) വീരമൃത്യു വരിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.