പാളയത്തില്‍ പട; ദാവൂദും ഛോട്ടാ ഷക്കീലും വേര്‍പിരിഞ്ഞു; അനുനയ നീക്കങ്ങളുമായി പാക് ചാരസംഘടന

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും വലംകൈയായ ഛോട്ടാ ഷക്കീലും പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിന്റെ “സാമ്രാജ്യ”ത്തില്‍ നിന്ന് അടുത്ത അനുയായിയായ ചോട്ടാ ഷക്കീല്‍ വിട്ടുപോയെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇരുവരം ഒളിച്ച് താമസിച്ചിരുന്ന കറാച്ചിയിലെ ക്ലിഫ്റ്റണ്‍ പ്രദേശത്ത് നിന്ന് ഷക്കീല്‍ മറ്റൊരു ഒളിസങ്കേതത്തിലേക്ക് മാറിയെന്നാണ് വിവരം. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദൂം ഛോട്ടാ ഷക്കീലും.

1980കളില്‍ രാജ്യം വിട്ട ദാവൂദും ഛോട്ടാ ഷക്കീലും ആദ്യം ദുബായിലേക്കാണ് കടന്നതെങ്കിലും പിന്നീട് പാകിസ്ഥാനിലെ കറാച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ദാവൂദിന്റെ ഇളയ സഹോദരനായ അനീസ് ഇബ്രാഹിമുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് ഷക്കീല്‍ സംഘം വിട്ടതെന്നാണ് വിവരം. മൂന്നു പതിറ്റാണ്ടായി ദാവീദ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷക്കീലിനെ മറികടന്ന് അനീസ് തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പടലപിണക്കങ്ങള്‍ ആരംഭിച്ചത്. ദാവൂദിന്റെ വാക്കുകള്‍ പോലും മുഖവിലക്കെടുക്കാതെ അനീസ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നപ്പോള്‍ ഷക്കീല്‍ സംഘം വിട്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇരുവരും തമ്മിലുളള തര്‍ക്കം തീര്‍ത്ത് ഷക്കീലിനേയും ദാവൂദിനേയും ഒന്നിപ്പിക്കാന്‍ പാക് ചാര സംഘടയായ ഐഎസ്‌ഐ ശ്രമിക്കുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ സഹായിക്കുന്ന സംഘം വേര്‍പിരിഞ്ഞാല്‍ തങ്ങള്‍ക്ക് കനത്ത നഷ്ടമാകുമെന്നാണ് ഐഎസ്‌ഐയുടെ വിലയിരുത്തല്‍. 1993ല്‍ മുംബൈയില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ്‌ഐയ്ക്ക് സഹായകമായത് ദാവൂദിന്റെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.

ഇരുവരും വേര്‍പ്പിരിഞ്ഞതോടെ ആരോടൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇരുവര്‍ക്കും ഉറച്ച വേരുകളുള്ള മുംബൈ അധോലോകം. ദാവൂദുമായി വേര്‍ പിരിഞ്ഞതിനെ തുടര്‍ന്ന് തനിക്കൊപ്പമുള്ള അനുയായികളോടൊപ്പം ഒരു പൂര്‍വേഷ്യന്‍ രാജ്യത്തില്‍ ഷക്കീല്‍ യോഗം ചേര്‍ന്നതായും വിവരങ്ങളുണ്ട്. അബു സലീം, ഛോട്ടാ രാജന്‍, ഫഹീം മച്ച്മച് എന്നിവര്‍ നേരത്തേ ദാവൂദുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തമായി സംഘം ഉണ്ടാക്കിയവരാണ്. പിന്നീട് 2000ത്തില്‍ ഛോട്ടാ രാജനെ ബാങ്കോങ്ങില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചത് ഛോട്ടാ ഷക്കീല്‍ ആയിരുന്നു. അധോലോകത്തിലെ ചേരിത്തിരിവ് മരണക്കളികളിലേക്കെത്താറുണ്ടെന്നതിനാല്‍ ആരാവും ഇനി “സാമ്രാജ്യം” അടക്കിവാഴുകയെന്ന ആശങ്കയാണ് ബാക്കി.