പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് മിസോറം മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം 30ന് മോദി സംസ്ഥാനത്ത് എത്താനിരിക്കെയാണ് സോറാം തംഗ നിലപാട് വ്യക്തമാക്കിയത്. ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമാണ്.
മിസോറത്തിലെ ജനങ്ങള്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. മണിപ്പൂരില്‍ നുറുകണക്കിന് പള്ളികളാണ് അഗ്‌നിക്കിരയാക്കിയത്. മിസോറത്തിലെ മൊത്തം ജനങ്ങളും അത്തരം ആശയത്തിനെതിരാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ബിജെപിയോടുള്ള അനുകൂല നിലപാട് തന്റെ പാര്‍ട്ടിക്ക് വലിയ മൈനസ് പോയിന്റായി മാറുമെന്നും പറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത് ടൗണിലാണ് പ്രധാനമന്ത്രി എത്തുന്നത്. മ്യാന്‍മര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് അഭയം നല്‍കുമ്പോള്‍ മാത്രമാണ് മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാത പിന്തുടരുന്നത്. മുന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുകയും സ്വാതന്ത്ര്യം നേടുന്നതിന് അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്തു.
മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ആയുധം നല്‍കുന്നില്ല, എന്നാല്‍ മാനുഷിക കാരണങ്ങളാല്‍ ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നുണ്ടെന്നും അദേഹം വെളിപ്പെടുത്തി. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ). ആ പാര്‍ട്ടിയുടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കുമെന്നുള്ള റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ചൂടന്‍ ചര്‍ച്ചയായിട്ടുണ്ട്.