പൗരത്വ നിയമ ഭേദഗതിക്കെതിരെ അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിക്ക് മുന്നിൽ ഒരു കൂട്ടം സ്ത്രികളുടെ പ്രതിഷേധം. 50-ലധികം വരുന്ന സ്ത്രീകളാണ് രാത്രി 11 മണിയോടെ കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഭഗവൻ റോഡിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അര്‍ദ്ധരാത്രി സ്ത്രീകള്‍ പ്രതിഷേധമുയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിലെത്തിയ 132 ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് മുസ്ലിം ലീഗും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുക.
ജനുവരി പത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.
സിഎഎയെ ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്നും ഇതിനെതിരെ സമരം നടത്തുന്നവരെ തടയണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയില്‍ സുപ്രീം കോടതി നേരത്തെ നിലപാടെടുത്തിരുന്നു.
രാജ്യം നിര്‍ണായകമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യം നിര്‍ണായക സമയത്തിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ ഇത്തരം പരാതികള്‍ രാജ്യത്തെ സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി