പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന റാലിയിൽ പങ്കെടുക്കുന്നതു തടയാൻ ഹൈദരാബാദിൽ നിന്നു കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഡൽഹിയിലേക്ക് അയച്ചു. ചന്ദ്രശേഖർ ആസാദ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്നെ കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് തന്റെ അനുയായികളെ പൊലീസുകാർ തല്ലിച്ചതച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ ഹൈദരാബാദിൽ നിന്നു ഡൽഹിയിലേക്ക് തിരിച്ചയച്ചത്.
“”തെലങ്കാനയിൽ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ്. ആദ്യം ഞങ്ങളുടെ ആളുകളെ ലാത്തി കൊണ്ട് അടിച്ചുവീഴ്ത്തി പിന്നീട് എന്നെ അറസ്റ്റു ചെയ്തു. ഇപ്പോൾ അവർ എന്നെ ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നു. അവർ എന്നെ അവർ ഡൽഹിയിലേക്ക് അയക്കുകയാണ്. ഈ അപമാനം മറക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി ഓർക്കണം. പെട്ടെന്നു തന്നെ തിരിച്ചു വരും.”- ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.
അനുമതിയില്ലാത്ത പൊതുജന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിച്ചതിനാലാണ് സെക്ഷൻ 151 പ്രകാരം 33- കാരനായ ആസാദിനെ കസ്റ്റഡിയിലെടുത്തതെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ പറഞ്ഞതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. “പൊതു സമാധാനം തടസ്സപ്പെടുത്താൻ” സാദ്ധ്യതയുള്ള ആരെയും തടങ്കലിൽ വെയ്ക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസിനെ അനുവദിക്കുന്നതാണ് ഈ പ്രത്യേക നിയമം. ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്‍റെ വീഡിയോ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.