അര്‍ധ രാത്രിയില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം. രണ്ട് പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. എഎപി നേതാവ് സോമനാഥ് ഭാരതി സമരപന്തലിലേക്ക് കട്ടിലുകളുമായെത്തിയത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
മഴയില്‍ കുതിര്‍ന്ന സമര പന്തലില്‍ പാടുപെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം തുടരുന്നത്. രാത്രി 11.30ന് ആണ് എഎപി നേതാവ് സോംനാഥ് ഭാരതി മടക്കാന്‍ കഴിയുന്ന കട്ടിലുകളുമായി എത്തിയത്. ജന്തര്‍മന്തറിലേക്ക് പ്രവേശിക്കുന്നിടത്ത് വച്ചു തന്നെ സോംനാഥ് ഭാരതിയെ അടക്കം 3 പേരെ കസ്റ്റഡിയില്‍ എടുത്തു.
കട്ടിലുകള്‍ സമര പന്തലിലേക്ക് കടത്തി വിടണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ എത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. ഗീത ഫോഗട്ടിന്റെ സഹോദരന് ദുഷ്യന്ത് ഫോഗട്ട് അടക്കം 2 പേര്‍ക്ക് പരുക്കേറ്റു. മദ്യപിച്ച പോലീസുകാരന്‍ മര്‍ദ്ദിച്ചെന്ന് ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ് സാക്ഷി മാലിക്കും വിനേശ് ഫോഗട്ടും വ്യക്തമാക്കി. സമരത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും പിന്തുക്കുന്നവരെല്ലാം ഉടന് ജന്തര്‍ മന്തറിലെത്തണമെന്നും ബജ്‌റംഗ് പുനിയ പറഞ്ഞു.
അനുമതി ഇല്ലാതെയാണ് സോംനാഥ് ഭാരതി കിടക്കകളുമായി എത്തിയതെന്നും അതിനെതിരെയണ് നടപടി സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിഷേധക്കാര്‍ ക്ഷുഭിതരായി സംഘര്‍ഷത്തിലേക്ക് പോവുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച പൊലീസ് ഭക്ഷണവും തടഞ്ഞിരുന്നു. അതേസമയം, ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ നടപടികളില്‍ മെല്ലെ പോക്ക് നയം സ്വീകരിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ചോദ്യം ചെയ്യാന്‍ പോലും ബ്രിജ് ഭൂഷണെ വിളിപ്പിച്ചിട്ടില്ല.