ഉത്തര്‍ പ്രദേശിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദ് സര്‍വേയ്ക്കിടെ സംഘര്‍ഷം. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ അക്രമകാരികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.
സര്‍വേ പൂര്‍ത്തിയായെന്നും ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി തിരിച്ചുപോയെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞദിവസമാണ് കോടതി അനുമതി നല്‍കിയത്. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ത്താണ് അവിടെ മസ്ജിദ് പണിതതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
വിഷയത്തില്‍ സര്‍ക്കാരും സുപ്രിംകോടതിയും ജാഗ്രതയോടെ ഇടപെടണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാല്‍ കര്‍ശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നല്‍കി.