ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പുല്‍വാമയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണ നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
അല്‍-ബദര്‍ സംഘടനയില്‍ ഉള്‍പ്പെട്ട ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് കൊല്ലപ്പെട്ടതെന്ന് ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് എ കെ 47 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമേ നിരവധി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. സ്ഥലത്ത് കൂടുതല്‍ ഭീകതരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും, കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
പുല്‍വാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മിത്രിഗാം മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു.സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയതെന്നും പൊലീസ് പറഞ്ഞു.
പ്രാഥമിക വെടിവയ്പ്പിന് പിന്നാലെ സാധാരണക്കാരെ ഒഴിപ്പിച്ച ശേഷമാണ് വെടിവയ്പ്പ് പുനരാരംഭിച്ചത്. ബുധനാഴ്ച രാത്രിയാണ് ഒരാള്‍കൊല്ലപ്പെട്ടത്. രാത്രിയിലും വെടിവയ്പ്പ് തുടര്‍ന്നപ്പോള്‍ മറ്റൊരു ഭീകരനെ കൂടി വധിക്കുകയായിരുന്നു.