ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ വധിച്ചെന്ന് സൈന്യം. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സാഹിദ് വാനി ഉള്‍പ്പെടെ അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമ, ബുദ്ഗാം ജില്ലകളിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജയ്‌ഷെ കമാന്‍ഡറും ഒരു പാക്കിസ്ഥാനിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടത്.
പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐ.ജി.പി വിജയ് കുമാര്‍ അറിയിച്ചു. ഇത് വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. പുല്‍വാമയിലെ നൈറ മേഖലയില്‍ മാത്രം നാല് ഭീകരരെയാണ് വധിച്ചത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. ബുദ്ഗാമില്‍ നിന്ന് എകെ 56 റൈഫിള്‍ ഉള്‍പ്പെടെ കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത 3 ഭീകരരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ അലിമുഹമ്മദാണ് മരിച്ചത്. ഈ മേഖലയിലും തിരച്ചില്‍ ശക്തമാക്കിയട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 11 ഏറ്റുമുട്ടലുകളിലായി പാകിസ്താനില്‍ നിന്നുള്ള 8 പേരടക്കം 21 ഭീകരരെ വധിച്ചതായി വിജയ് കുമാര്‍ പറഞ്ഞു.