സ്‌കൂളിലെത്താന്‍ വൈകിയതിന് ശിക്ഷ 'താറാവ് നടത്തം' ; പത്താംക്ലാസ് വിദ്യാര്‍ഥി തളര്‍ന്നു വീണ് മരിച്ചു

സ്‌കൂളിലെത്താന്‍ താമസിച്ചെന്ന കാരണത്തിന് “താറാവുനടത്ത”ത്തിന് ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ്(15) മരിച്ചത്. പെരമ്പൂരിലെ തിരുവികനഗര്‍ സ്വകാര്യ സ്‌കൂളിലാണ് വിദ്യാര്‍ഥിയായിരുന്നു നരേന്ദ്രന്‍. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നരേന്ദ്രനടക്കം ആറു വിദ്യാര്‍ഥികളാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിക്കപ്പെട്ടത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. എഴുന്നേല്‍ക്കാല്‍പോലും പറ്റാതായ നരേന്ദ്രനെ ഉടന്‍തന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നരേന്ദ്രന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു. അച്ഛനമ്മമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും തിരുവികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.

Read more

സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ നിന്നും നരേന്ദ്രനുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ സ്‌കൂളിലെത്താന്‍ വൈകിയതിന് താറാവ് നടത്തം ചെയ്യിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികള്‍ പൊലീസിന്് മൊഴിനല്‍കി. കുറെയേറെ തവണ ക്ഷമാപണം നടത്തിയിട്ടും കായികാധ്യാപകന്‍ ജയസിങ് ശിക്ഷ നടപ്പിലാക്കുകയായിരുന്നെന്നും ആരോപണമുണ്ട്.