ഇന്ത്യന്‍ സൈന്യത്തിന്‍റെ നിര്‍ണായക വിവരങ്ങളടങ്ങിയ രേഖകള്‍ നഷ്ടപ്പെട്ടു

പഞ്ചാബിലെ സൈനിക ആസ്ഥാനത്ത് നിന്നും  സൈന്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍നഷ്ടപ്പെട്ടു.  ജലന്ദര്‍ സൈനിക ആസ്ഥാനത്ത് നിന്നുമാണ് രേഖകള്‍ നഷ്ടമായത്. ലഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ജനറല്‍ സ്റ്റാഫ് ഓഫീസര്‍ക്കാണ് രേഖകള്‍ സൂക്ഷിക്കുന്നതിനായുള്ള ചുമതല.

നിര്‍ണായക രേഖകള്‍ നഷ്ടമായതോടെ കഴിഞ്ഞ ആഴ്ചമുതല്‍ ഉന്നതല അന്വേഷണം ആരംഭിച്ചു. രേഖകള്‍ സൂക്ഷിച്ചിരുന്ന ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വന്നിരുന്ന ജോലിക്കാരെയും ഇതിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. രേഖകള്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസ് സന്ദര്‍ശിച്ച എ്ല്ലാവരെയും ചോദ്യം ചെയ്യാന്‍ ഇന്റലിജെന്‍സ് വിഭാഗം തീരുമാനിച്ചു.

രേഖകള്‍ അടുത്തകാലത്തെയൊന്നുമല്ലെന്നും വളരെ പഴക്കമേറിയതും പ്രത്യേകം സൂക്ഷിക്കേണ്ടതുമായതിനാല്‍ അത് സുരക്ഷിതമായി സംരക്ഷിച്ചു വരികയായിരുന്നുവെന്ന് സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രേഖകള്‍ നഷ്ടപ്പെട്ടത് കേണല്‍ റാങ്കിലുള്ള സൈനികന്റെ ഓഫീസില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന ദുരൂഹതയും ബാക്കി നില്‍ക്കുന്നു.