അതിര്‍ത്തിയിലെ ഗോതമ്പ് പാടങ്ങളിലെയും കൃഷിയിടങ്ങളിലെയും വിളവുകള്‍ 48 മണിക്കൂറിനുള്ളില്‍ എടുക്കണം; ഗുരുദ്വാരകളിലൂടെ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്; നടപടിയുമായി ബിഎസ്എഫ്

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്എഫ്). വയലുകളിലെയും ഗോതമ്പ് പാടങ്ങളിലെയും കൃഷിയിടങ്ങളിലെയും വിളവുകള്‍ 48 മണിക്കൂറിനുള്ളില്‍ എടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷസാഹചര്യം ഉടലെടുത്തതിന് പിന്നാലെയാണ് നിര്‍ദേശമെന്ന് ഹിന്ദിസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്താന്‍ ബിഎസ്എഫ് ഏര്‍പ്പെടുത്തികൊണ്ട് ഇരിക്കുകയാണ്. ഇത് വിളവെടുപ്പിന് വിഘാതം സൃഷ്ടിക്കാതിരിക്കാനാണ് നിര്‍ദേശമെന്നാണ് സൂചന. 530 കിലോ മീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 45,000 ഏക്കറിലാണ് കൃഷി നടത്തുന്നത്.

അമൃത്സര്‍, തരണ്‍ താരണ്‍, ഫിറോസ്പൂര്‍, ഫാസിക ജില്ലകളിലെ കര്‍ഷകര്‍ക്ക് ഗുരുദ്വാരകളില്‍ നിന്ന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗോതമ്പ് വിളവെടുപ്പിന്റെ പകുതിയിലധികം പൂര്‍ത്തികരിച്ചു. ഇനി വൈക്കേല്‍ ശേഖരമാണ് നടക്കാനുള്ളത്. ബാക്കി വളര്‍ന്നു നില്‍ക്കുന്ന ഗോതമ്പ് ചെടികള്‍ സുഗമമായ അതിര്‍ത്തി നിരീക്ഷണത്തിന് തടസമാവുന്നുണ്ട്. സൈനിക നീക്കം നടത്തണമെങ്കില്‍ ഇതു തടസമാകും. ഈ സാഹചര്യത്തിലാണ് വിളവെടുപ്പ് വേഗം നടത്താന്‍ ഇന്ത്യന്‍സേന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു നടപടിയെയും യുഎഇ പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളേയും രാജ്യം അപലപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് അദേഹം പിന്തുണ നല്‍കിയത്.

Read more

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭീകരവാദത്തെ സുരക്ഷയ്ക്കും സമൂഹത്തിന്റെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.