രാജ്യത്ത് കല്‍ക്കരി ക്ഷാമവും, ഉഷ്ണ തരംഗവും രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി. ഇന്ത്യയിലെ മൊത്തം വൈദ്യുതി ക്ഷാമം 623 ദശലക്ഷം യൂണിറ്റിലെത്തിയതായാണ് റിപ്പോര്‍ട്ട്. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതും, കല്‍ക്കരി ക്ഷാമവും കൂടുതല്‍ സംസ്ഥാനങ്ങളേയും പ്രതിസന്ധിയിലേക്ക് തള്ളിവിടും.
കഴിഞ്ഞ ആഴ്ച മാത്രം 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നിവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ഇതോടെ മണിക്കൂറോളം നീണ്ട പവര്‍കട്ടുകളാണ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജമ്മുവിലെ പല പ്രദേശങ്ങളിലും 16 മണിക്കൂറിലധികമാണ് പവര്‍കട്ട്. രാജസ്ഥാനിലെ നിയന്ത്രണം ഏഴ് മണിക്കൂര്‍ വരെ നീട്ടുമെന്നാണ് വിവരം. നിലവില്‍ താപവൈദ്്യുത നിലയങ്ങളിലഡ നേരിടുന്ന കല്‍ക്കരി ക്ഷാമം വരാനിരിക്കുന്ന വലിയ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്നാണ് ഓള്‍ ഇന്ത്യ പവര്‍ എന്‍ജിനീയേഴ്്്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയത്.
കല്‍ക്കരി കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ സാധിക്കുന്നില്ല. ദേശീയ പവര്‍ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കുന്നുണ്ട്.
കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വൈദ്യുതി ന്യന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നും വൈകിട്ട് 6:30നും 11 മണിക്കുമിടയില്‍ 15 മിനിറ്റ് നിയന്ത്രണം ഉണ്ടാവും. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും ഉള്‍പ്പടെയുള്ള അവശ്യസേവന മേഖലകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി ഉല്പാദനം കുറഞ്ഞിരുന്നു. രാത്രിസമയത്ത് രണ്ടു ദിവസമായി 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടുന്നുണ്ട്. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണവും നീട്ടേണ്ടി വരും.