സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനെതിരെ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. മന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു, ദടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നും കോടതി വ്യക്തമാക്കി. കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി തന്നെ തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് ജസ്റ്റിസുമാരായ എസ്‌കെ കൗളും എഎസ് ഓക്കയും അടങ്ങുന്ന ബെഞ്ച് താക്കീത് ചെയ്തു.
ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ടാണ് കിരണ്‍ റിജിജു കൊളീജിയത്തെ വിമര്‍ശിച്ചു സംസാരിച്ചത്. ”കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് പറയരുത്. അങ്ങനെയാണെങ്കില്‍ പിന്നെ ശുപാര്‍ശകള്‍ നല്‍കാതിരുന്നാല്‍ പോരെ, കോടതികള്‍ തന്നെ എല്ലാം ചെയ്താല്‍ മതിയല്ലോ എന്നാണ് റിജിജു പറഞ്ഞത്.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ല. കൊളീജിയം അയക്കുന്ന ശുപാര്‍ശകളിലെല്ലാം സര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയൂ. മറ്റൊരു മികച്ച സംവിധാനം വരുന്നതുവരെ കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രം മാനിക്കുമെന്നും അദേഹം പറഞ്ഞിരുന്നു.
ഉന്നത പദവി കൈയാളുന്ന ഒരാളില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പാടില്ലായിരുന്നെന്നുംവെന്നും സുപ്രീംകോടതി പറഞ്ഞു. കൊളീജിയം ശുപാര്‍കളില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ച് നേരത്തെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കണം. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമം സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷമാണ് കൊളീജിയം ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വൈകാന്‍ തുടങ്ങിയതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. എന്‍ജെഎസി റദ്ദാക്കിയത് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ കൊളീജിയം സംവിധാനമാണ് നിലവില്‍ രാജ്യത്തെ നിയമം. അതനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.