ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കു കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പ്രബല സമുദായങ്ങള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ പതറിയെങ്കിലും അധികാരത്തിലേറിയ ബിജെപിക്ക് ഇനി വെല്ലുവിളിയാവുക ഉത്തരേന്ത്യയിലെ പ്രബല സമുദായള്‍. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും ദേശീയ രാഷ്ട്രീയത്തിലും പട്ടിദാര്‍, ജാട്ട്, മറാത്താ സമുദായങ്ങള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന സൂചനകളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നല്‍കുന്നത്.

2019ല്‍ ഗുജറാത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പട്ടീദാര്‍ സമുദായത്തിനെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തലപുകഞ്ഞാലോചിക്കേണ്ടി വരും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജാതി രാഷ്ട്രീയത്തിനെതിരേ മറുതന്ത്രമൊരുക്കിയ ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിലും അതിന് സാധിക്കുമോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ പട്ടീദാര്‍ സമുദായത്തിന് ശക്തമായ സാന്നിധ്യമുള്ള സൗരാഷ്ട്ര മേഖലയില്‍ ബിജെപിക്ക് അടിതെറ്റിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ദൗര്‍ബ്ബല്യമാണ് ഇത് തെളിയിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, ഉത്തര്‍ പ്രദേശില്‍ ജാട്ട് സമുദായത്തില്‍ നിന്നാണ് ബിജെപിക്കു വെല്ലുവിളി. ഈ വര്‍ഷം ആദ്യം സംവരണവുമായി ബന്ധപ്പെട്ട് ജാട്ട് സമുദാക്കാര്‍ നടത്തിയ പ്രക്ഷോപം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അതേസമയം, ഉത്തര്‍ പ്രദേശിന്റെ മൊത്തം വോട്ടിങ് ശതമാനം കണക്കുകൂട്ടിയാല്‍ ജാട്ട് സമുദായക്കാര്‍ കുറവാണെന്നതാണ് ബിജെപി ആലോചിക്കുന്നത്. മറ്റു പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് പാര്‍ട്ടിയും ഉയര്‍ത്തുന്ന വെല്ലുവിളിയെ അപേക്ഷിച്ച് ജാട്ട് സമുദായക്കാരുടെത് കുറവാണെന്നാണ് ബിജെപി കരുതുന്നത്.

ഗുജറാത്തില്‍ പട്ടീദാര്‍ സമുദായത്തെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് പയറ്റുന്ന തന്ത്രമാണ് ബിജെപിക്കു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സമാനമായി മാഹാരാഷ്ട്രയില്‍ മറാത്തി സമുദായവും ഹരിയാനയിലെ ജാട്ട് സമുദായവും ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണ്.

2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും സമുദായ വോട്ടുകള്‍ നിര്‍ണായകമായിട്ടുണ്ട്. മന്ത്രിസഭയില്‍ ക്വാട്ട ആവശ്യപ്പെട്ടതും ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സൂചനകള്‍ നല്‍കുന്നതാണ്.

മഹാരാഷ്ട്രയുടെ മൊത്തം ജനസംഖ്യയുടെ 35 ശതമാനം മറാത്തി സമുദായക്കാരാണ്. ഒബിസി വിഭാഗത്തില്‍ ഇവരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മറാത്തി സമുദായം ആവശ്യപ്പെടുന്നുമുണ്ട്. ശരത് പവാറിനെപോലുള്ള നേതാവ് മറാത്തികള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനുണ്ടെങ്കിലും ബിജെപിക്ക് ഇതുവരെ ഒരുവെല്ലുവിളിയായിട്ടില്ല. വരും കാലങ്ങളില്‍ ഇതിന് മാറ്റമുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.  മൊത്തം ജനസംഖ്യയുടെ 21 ശതമാനം ആളുകളാണ് ജാട്ട് സമുദായത്തില്‍ നിന്നും ഹരിയാനയിലുളളത്.

പട്ടീദാര്‍ മുന്നേറ്റം ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും സമുദായങ്ങളെ കൂടെ ചേര്‍ത്ത് കോണ്‍ഗ്രസ് പടയൊരുക്കം നടത്തിയാല്‍ കനത്ത തിരിച്ചടിയേല്‍ക്കേണ്ടി വരുമെന്ന് ബിജെപിക്കറിയാം.