താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത പരാമർശത്തിൽ ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ സമാജ്‌വാദി പാർട്ടി എംപിക്കും മറ്റ് രണ്ട് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
“താലിബാനെ കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ഷഫീഖുർ റഹ്മാൻ ബാർക്കിനും മറ്റ് രണ്ട് പേർക്കുമെതിരെ ഇന്നലെ രാത്രി ഒരു കേസ് രജിസ്റ്റർ ചെയ്തതായി ചമ്പൽ ജില്ലയിലെ പൊലീസ് സൂപ്രണ്ട് ചർഖേഷ് മിശ്ര ഇന്ന് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. താലിബാനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യപ്പെടുത്തി അവരുടെ വിജയം ആഘോഷിച്ചു എന്നാണ് ഇവർക്കെതിരെയുള്ള പരാതി.
“ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായത്തിൽ താലിബാൻ ഒരു ഭീകര സംഘടനയാണ്, അതിനാൽ ആരോപിക്കപ്പെടുന്ന ഈ പരാമർശങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാം,” പരാതിയിൽ ഒരു എഫ്ഐആർ ഫയൽ ചെയ്തു എന്നും പൊലീസ് കൂട്ടിച്ചേർത്തു.
“അഫ്ഗാനിസ്ഥാൻ സ്വതന്ത്രമാകണമെന്ന് താലിബാൻ ആഗ്രഹിക്കുന്നു” എന്നും “സ്വന്തം രാജ്യം ഭരിക്കാൻ അവർ ആഗ്രഹിക്കുന്നു” എന്നും സമാജ്‌വാദി പാർട്ടിയുടെ സാംബാലിൽ നിന്നുള്ള ലോക്‌സഭാ എംപി ഷഫീഖുർ ബാർക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘റഷ്യയെയോ യു.എസിനെയോ അഫ്ഗാനിസ്ഥാനിൽ സ്ഥിരപ്പെടുത്താൻ അനുവദിക്കാത്ത ശക്തിയാണ് താലിബാൻ എന്നും താലിബാന്റെ പ്രവർത്തനങ്ങൾ അവരുടെ ‘ആഭ്യന്തര കാര്യമാണ്’ എന്നും ഷഫീഖുർ ബാർക്ക് അഭിപ്രായപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷുകാർ ഇന്ത്യ പിടിച്ചടക്കിയപ്പോൾ ‘രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിനായി പോരാടി’ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതെല്ലാം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഷഫീഖുർ ബാർക്ക് ഇന്ന് ഒരു പ്രസ്താവന പുറപ്പെടുവിച്ചു.
“താലിബാനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തുകൊണ്ട് ഞാൻ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ അഫ്ഗാനിസ്ഥാനിയല്ല, ഇന്ത്യൻ പൗരനാണ് … അതിനാൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ സർക്കാരിന്റെ നയങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു,” ഷഫീഖുർ ബാർക്ക് പ്രസ്താവനയിൽ പറഞ്ഞു.