തമിഴ്നാട്ടില്‍ ദളിത് വിഭാഗത്തിന് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി. നാമക്കല്‍ ജില്ലയിലെ വീസനം ഗ്രാമത്തിലാണ് സംഭവം. വീസനം ഗ്രാമത്തിലെ മഹാ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതിയുള്ളത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
തമിഴ്നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ക്ഷേത്രം. ഇവിടെ തിങ്കളാഴ്ച ഉത്സവം ആരംഭിച്ചതിന് പിന്നാലെ ഉത്സവത്തില്‍ പങ്കെടുക്കാനും പ്രാര്‍ത്ഥിക്കാനും അനുവദിക്കണമെന്ന് ദളിത് വിഭാഗത്തിലുള്ളവര്‍ ക്ഷേത്ര ഭരണ സമിതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദളിതരെ ചിലര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദളിതര്‍ മറ്റൊരു ക്ഷേത്രം നിര്‍മിക്കട്ടെയെന്നായിരുന്നു തടഞ്ഞവരുടെ നിലപാട്. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.
അക്രമം ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിരവധി സ്ത്രീകള്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവര്‍ ആവശ്യപ്പെട്ടു.
Read more
എന്നാല്‍ ക്ഷേത്രം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും എല്ലാ ജാതിയിലുള്ളവര്‍ക്കും ഇവിടെ പ്രവേശിക്കാമെന്നും പ്രാര്‍ത്ഥിക്കാമെന്നും പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ അറിയിച്ചെങ്കിലും ദളിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രസ്താവന.