ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എസ്പി ഓഫീസില്‍; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് എസ്പി ഓഫീസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശാന്തി ഗ്രാമിലെ സിഐ ഓഫീസില്‍ ജോലി നോക്കിയിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ലോകനാഥാണ് ഭാര്യ മമതയെ കൊലപ്പെടുത്തിയത്.

ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ ഹാസനിലെ എസ്പി ഓഫീസിലെത്തിയതായിരുന്നു മമത. ഇതില്‍ പ്രകോപിതനായ പ്രതി എസ്പി ഓഫീസിന്റെ കോമ്പൗണ്ടില്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

മമതയ്ക്ക് മേല്‍ ചാടി വീണ് നെഞ്ചില്‍ ആവര്‍ത്തിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ജനങ്ങളും നോക്കി നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മമതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 17 വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.