ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഇന്ത്യന്‍ സൈന്യം പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം സൈനികര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ആക്രമിച്ചത്.
സൈനികരുടെ മര്‍ദ്ദനത്തില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സൗരയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം മര്‍ദ്ദനത്തിന്റെ കാരണം എന്താണെന്ന് പൊലീസും സൈന്യവും വെളിപ്പെടുത്തിയിട്ടില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്റെ കുപ്വാരയിലുള്ള വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാകാം സൈന്യം പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം.