തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്‌നാട്. മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ചകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ പ്രഖായപിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.പൊതു ഗതാഗത സംവിധാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
സബര്‍ബന്‍ തീവണ്ടികള്‍ അന്‍പത് ശതമാനം സര്‍വീസ് നടത്തും. പരീക്ഷകള്‍ക്കും വിവാഹങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തികളിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി വഴിയെത്തുന്ന അത്യാവശ്യക്കാരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അല്ലാത്ത വാഹനങ്ങള്‍ തിരച്ചയക്കും എന്ന് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. തമിഴ്നാട്ടിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് പാലക്കാട് കെഎസ്ആര്‍ടിസിയും അറിയിച്ചിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിന് ഇടയില്‍ 10978 കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 74 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 195 ആയി.