കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഉന്നതതല യോഗത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കശ്മീരില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. അതേസമയം പുലര്‍ച്ചെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ജവാന്‍മാര്‍ക്ക് പരിക്കേറ്റത്.
പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനായി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ സൈന്യം സ്ഥാപിച്ച ക്യാമ്പിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നാല് സൈനികര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന് ശേഷമായിരുന്നു സൈന്യം സ്‌കൂളില്‍ ക്യാമ്പ് ചെയ്ത് തിരച്ചില്‍ ആരംഭിച്ചിരുന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെ ഭീകരര്‍ ക്യാമ്പ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.