വോട്ടെടുപ്പിനിടെ സംഘർഷം; ബംഗാളിൽ വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു; കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം. വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങൾ നശിപ്പിച്ച് തോട്ടിൽ എറിഞ്ഞത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു.

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗർ ലോക്സഭാ മണ്ഡലത്തിലെ കുൽതയ് എന്ന പ്രദേശത്തെ 40, 41 നമ്പർ ബൂത്തുകളിലാണ് സംഘർഷമുണ്ടായത്. വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ബഹളമുണ്ടാക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പിന്നാലെ അക്രമികൾ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തിൽ എറിയുകയായിരുന്നു.

എന്നാൽ, ബൂത്തുകളിൽ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികൾ കുളത്തിൽ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക വിശദീകരണം. ബൂത്തിൽ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തിൽ എറിയപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ രണ്ട് ബൂത്തുകളിലും വോട്ടിങ് നടക്കുന്നതിന് നിലവിൽ പ്രശ്‌നങ്ങളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതേസമയം സംഭവത്തിൽ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻകേസെടുത്തിട്ടുണ്ട്. പോലീസ് എഫ്ഐആർ തയ്യാറാക്കി അക്രമികൾക്കെതിരെ നടപടിയെടുത്തു. എന്നാൽ, സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. പോളിങ് ഏജന്റുമാരെ കടത്തുന്നില്ലെന്നും ചില സംഘങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മറ്റുചില സംഘങ്ങൾ ബൂത്ത് കയ്യേറുകയാണെന്നും ഇരുപാർട്ടികളും പരാതികൾ ഉന്നയിച്ചിട്ടുണ്ട്. സന്ദേശ്ഖലി പോലെയുള്ള പ്രദേശങ്ങളിലും ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെയും 57 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബ് (13), യുപി (13), ബംഗാള്‍ (9), ബിഹാര്‍ (എട്ട്), ഒഡീഷ (ആറ്), ഹിമാചല്‍പ്രദേശ് (നാല്), ജാര്‍ഖണ്ഡ് (മൂന്ന്), ചണ്ഡിഗഡ് (ഒന്ന്) എന്നിങ്ങനെയാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.

യുപിയിലും ബിഹാറിലും ബിജെപി സഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളിലും ബംഗാളില്‍ തൃണമൂല്‍ കോട്ടകളിലുമാണ് വോട്ടെടുപ്പ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പുരിലും ഇന്നാണ് വിധിയെഴുത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ഇന്നു വൈകിട്ട് ആറിന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും ജനവിധിയോട് പ്രതികരിക്കാമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.