കണക്കിൽപ്പെടാത്ത 40 കോടിയിലധികം രൂപയുടെ പണം കൈവശംവെച്ചു എന്നാരോപിച്ച് ബിജെപിക്കെതിരെ ആദായനികുതി നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുമെന്ന് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ ബിജെപിയുടെ അക്കൗണ്ട് വിവരങ്ങളിൽ 2017-18ൽ 1,297 പേർ ബിജെപിക്ക് 42 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും അവരുടെ പേരും വിലാസവും ലഭ്യമല്ലെന്നും അജയ് മാക്കൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
14 ലക്ഷം രൂപ നിക്ഷേപിച്ച കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ ഐടി വകുപ്പ് മരവിപ്പിച്ചെങ്കിലും ബിജെപിയുടെ 42 കോടിയുടെ ലംഘനം ഐടി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അജയ് മാക്കൻ ആരോപിച്ചു. ബിജെപി ചട്ടങ്ങൾ ലംഘിച്ചതിനാൽ 4,600 കോടി രൂപ പിഴയടക്കണമെന്നും മാക്കൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന് ബാധകമാക്കിയ അതേ നിയമങ്ങൾ തന്നെ ആദായനികുതി വകുപ്പ് ബിജെപിക്കും ബാധകമാക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അജയ് മാക്കൻ പറഞ്ഞു.
അതേസമയം കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിൽ നാളെ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എല്ലാ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകി. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു.