ഒന്നിച്ചുള്ള ആ വിജയം വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചു; എസ്പിയ്ക്ക് പിന്നാലെ ആംആദ്മി പാര്‍ട്ടിയുമായും കോണ്‍ഗ്രസ് സമവായം; ഇന്ത്യ മുന്നണിയ്ക്ക് പ്രതീക്ഷ നല്‍കി ഉത്തര്‍പ്രദേശും ഡല്‍ഹിയും

ണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പിലെ മുന്നണി വിജയം ഇന്ത്യാ ബ്ലോക്കിലെ പ്രധാന പാര്‍ട്ടികളെ ഒന്നിപ്പിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വേണം പറയാന്‍. മുട്ടാപ്പോക്ക് ന്യായവുമായി സീറ്റ് ഷെയറിംഗില്‍ തമ്മില്‍ തല്ലിയവര്‍ സമവായത്തിന് തയ്യാറായതിന് പിന്നില്‍ ഛണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ച സഖ്യശക്തിയുടെ ബലം കണ്ടാണ്. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നതിന്റെ ബലമാണ് ബിജെപി അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും സുപ്രീം കോടതിയുടെ ഇടപെടലില്‍ വിജയം നേടാനായ മേയര്‍ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ സീറ്റ് ഷെയറിംഗില്‍ കൊമ്പുകോര്‍ത്തവര്‍ ഒന്നു മയപ്പെട്ട് തുടങ്ങി.

ഉത്തര്‍പ്രദേശിനു പിന്നാലെ ഡല്‍ഹിയിലും ഇന്ത്യ മുന്നണി സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഒരു സീറ്റ് മാത്രം കോണ്‍ഗ്രസിന് നല്‍കുകയുള്ളുവെന്ന് പറഞ്ഞു കടുംപിടുത്തം പിടിച്ച ആംആദ്മി ഇപ്പോള്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചത്രേ. ആകെയുള്ള 7 സീറ്റില്‍ നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കുമെന്നാണു പുറത്തുവരുന്ന സൂചന. പഞ്ചാബിലും കോണ്‍ഗ്രസ്- ആപ് സമവായമായെന്നും സൂചനയുണ്ട്. നേരത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉത്തര്‍പ്രദേശിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യ മുന്നണി വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കുകയാണ് സീറ്റ് ഷെയറിംഗിലെ വിട്ടുവീഴ്ച മനോഭാവം.

നേരത്തെ ആദ്യം ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചപ്പോള്‍ ഒതുങ്ങി നിന്ന അഖിലേഷ് യാദവും സമാജ് വാദി പാര്‍ട്ടിയും വേണമെങ്കില്‍ 15 സീറ്റെടുത്ത് കോണ്‍ഗ്രസ് ഒപ്പം നില്‍ക്കണമെന്ന വാശിയിലായിരുന്നു. എന്നാല്‍ പിന്നീട് 17 സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ അഖിലേഷ് യാദവ് തയ്യാറായി. ആകെയുള്ള 80 സീറ്റില്‍എസ്പി 63 സീറ്റില്‍ മത്സരിക്കാനും തീരുമാനമായി. അമേഠി, റായ്ബറേലി, മഥുര, കാന്‍പുര്‍, ഫത്തേപുര്‍ സിക്രി, ഝാന്‍സി എന്നിവയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും കോണ്‍ഗ്രസ് മല്‍സരിക്കും. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെ കോണ്‍ഗ്രസ് നിര്‍ത്തുമെന്നും പറയുന്നു. മധ്യപ്രദേശിലും എസ്പിയ്ക്ക് ഒരു സീറ്റ് കോണ്‍ഗ്രസ് നല്‍കി.