ഗവര്‍ണര്‍ക്കെതിരെ രാജ്യസഭാ പ്രതിപക്ഷ നേതാവ്; 'ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോര; അക്രമ രാഷ്ട്രീയത്തില്‍ ബിജെപിക്കും പങ്ക്'

കണ്ണൂരിലെ രാഷട്രീയ കൊലപാതകങ്ങളെ അപലപിച്ച് രംഗത്തെത്തിയ കേരള ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഒരു പാര്‍ട്ടിയെ മാത്രം ഉപദേശിച്ചാല്‍ പോരെന്നും അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനെ പോലെ ബി.ജെ.പിക്കുമുണ്ടെന്നും അദേഹം പറഞ്ഞു. ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെയാണ് അക്രമ രാഷ്ട്രീയമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു

കഴിഞ്ഞ ദിവസം കണ്ണൂരിലെ ആക്രമണത്തെ ഗവര്‍ണര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അണികളെ സമാധാനത്തിന്റെ പാതയില്‍ കൊണ്ടുവരാന്‍ നേതാക്കള്‍ തയ്യറാകണം. കണ്ണൂര്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു.രാഷട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തി സമാധാനം ഉറപ്പുവരുത്തണം. കൊലപാതക വാര്‍ത്തകള്‍ തന്നെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന കൊലപാതകവും അത്തരത്തിലുള്ളതായിരുന്നെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.