'രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ'; മൻമോഹൻ സിംഗിനെ ഓർമ്മിച്ച് പ്രിയങ്ക ഗാന്ധി, വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് രാഹുൽ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി കുറിച്ചു. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.

മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞനെയെന്ന് കോൺ​ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. ഡോ. മൻമോഹൻ സിംഗ് സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനായിരുന്നു. അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉദാരവൽക്കരണ നയവും, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെയാണ് മാറ്റി മറിച്ചത്. തൊഴിൽ മന്ത്രി, റെയിൽവേ മന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

വാക്കുകളേക്കാൾ പ്രവർത്തിയിൽ വിശ്വസിച്ച മനുഷ്യനായിരുന്നു അദ്ദേഹം. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെടും. മുതിർന്ന സഹപ്രവർത്തകന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്ടം തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാകട്ടെ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഖർഗെ കുറിച്ചു.

രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മൻമോഹൻ സിങ്ങെന്ന് വയനാട് എംപി പ്രിയങ്കാ ​ഗാന്ധി. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി തന്നെ നിൽക്കുമെന്നും പ്രിയങ്കാ ​ഗാന്ധി കുറിച്ചു.