രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പത്തു വർഷത്തിനിടെ 90 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു, പാർട്ടിയുടെ നേതൃത്വം ഏതെങ്കിലും ഒരു വ്യക്തിയുടെ ദൈവിക അവകാശമല്ല എന്നും പ്രശാന്ത് കിഷോർ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈയിൽ രാഹുൽ ഗാന്ധിക്കെതിരെ മമത ബാനർജിയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ വാക്കുകൾ. കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോർ മാസങ്ങൾക്കുമുമ്പ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.
“കോൺഗ്രസ് പ്രതിനിധീകരിക്കുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ കോൺഗ്രസിന്റെ നേതൃത്വം ഒരു വ്യക്തിയുടെ ദൈവിക അവകാശമല്ല, പ്രത്യേകിച്ചും, കഴിഞ്ഞ 10 വർഷത്തിനിടെ 90 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ട സാഹചര്യത്തിൽ. പ്രതിപക്ഷത്തെ നയിക്കേണ്ടത് ആരാണെന്ന് ജനാധിപത്യപരമായി തീരുമാനിക്കട്ടെ,” പ്രശാന്ത് കിഷോർ ഇന്ന് ഉച്ചതിരിഞ്ഞ് ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ആഭ്യന്തരമായും പ്രതിപക്ഷത്തുനിന്നും വിമർശനങ്ങൾ വർദ്ധിച്ചു വരുന്ന സന്ദർഭത്തിലാണ് പ്രശാന്ത് കിഷോറും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയത്. “ഒന്നും ചെയ്യാതെ പകുതിസമയവും വിദേശത്താണെങ്കിൽ പിന്നെ എങ്ങനെ രാഷ്ട്രീയം ചെയ്യും, രാഷ്ട്രീയത്തിന് നിരന്തര പരിശ്രമം വേണം” എന്ന് മമതാ ബാനർജി ഇന്നലെ മുംബൈയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പാർട്ടിയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടപ്പോൾ മുതൽ പ്രശാന്ത് കിഷോർ ഗാന്ധി കുടുംബത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിനുള്ള ഏത് പ്രതിപക്ഷ സമവാക്യത്തിലും കോൺഗ്രസിന്റെ വലിയ പങ്ക് പ്രതീക്ഷിക്കാമെന്നും എന്നാൽ അതിന്റെ നിലവിലെ നേതൃത്വത്തിൽ അത് സാദ്ധ്യമല്ലെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ വിശ്വസിക്കുന്നതായാണ് വൃത്തങ്ങൾ പറയുന്നത്. പാർട്ടി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നതായി പ്രശാന്ത് കിഷോറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.