കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത ലീഡിലേക്ക് കടന്ന് കോൺഗ്രസ്. നിലവിലെ ഫലസൂചനകൾ ലഭ്യമാകുമ്പോൾ കേവല ഭൂരിപക്ഷത്തിലും കൂടുതൽ ലീഡ് ചെയ്യുകയാണ് കോൺഗ്രസ്. ആദ്യഘട്ടത്തിൽ ബിജെപി ലീഡ് ഉയർത്തിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു. കർണാടകയിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് കാണിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരി വെയ്ക്കുന്ന പ്രകടനമാണ് കോൺഗ്രസ് ഇപ്പോൾ കാഴ്ച വെയക്കുന്നത്.
ബിജെപിക്ക് എതിരായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തമായിരുന്നു എന്ന റിപ്പോർട്ടുകൾ സത്യമെന്ന് തെളിയിക്കുകയാണ് നിലവിലെ ഫലസൂചനകൾ. മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ, ബിജെപി സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം.
അതേ സമയം ജെഡിഎസിന് കാര്യമായി നില മെച്ചപ്പെടുത്താനായില്ല. 25 ൽ താഴെ സീറ്റുകളിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. പല ഘട്ടത്തിലും പ്രമുഖ നേതാവ് എച്ച് ഡി കുമാര സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ ലീഡ് നിലയിൽ പിറകിലാണ് എത്തി നിൽക്കുന്നത്. ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന്റെ പടയോട്ടമാണ് കാണാൻ കഴിയുന്നത്.