കോൺഗ്രസ് നേതാക്കൾ ‘ഇന്ത്യയുടെ ചക്രവർത്തിമാര’ല്ലെന്ന് തിരിച്ചറിയണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു. ആ പാർട്ടി അതിന്റെ ചുമതല നന്നായി നിർവഹിച്ചിരുന്നെങ്കിൽ ഗോവയിൽ തൃണമൂലിന്റെ ആവശ്യം തന്നെ വരുമായിരുന്നില്ലെന്ന് മഹുവ കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗോവയിൽ തൃണമൂൽ സഖ്യത്തിന് തയ്യാറാണെന്നും അവർ പറഞ്ഞു. എന്നാൽ കോൺഗ്രസ് അതിന്റെ അഹങ്കാരം കൈവെടിഞ്ഞ് ശക്തി കൈവരിക്കണം.
ആം ആദ്മി പാർട്ടിയും (എഎപി) തൃണമൂലും സ്ഥാനാർത്ഥികളെ നിർത്തി കുറച്ച് വോട്ടുകൾ നേടിയാൽ ഗോവയിൽ കോൺഗ്രസും ബിജെപിയും തമ്മിലാകും മത്സരമെന്നും ഇത് ബിജെപി ഇതര വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മൊയ്ത്ര.
ഫെബ്രുവരി 14 നാണ് ഗോവയിൽ തിരഞ്ഞെടുപ്പ്.