വഖഫ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. വഖഫ് നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാർഷ്ട്യത്തിൽ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹർജി ഫയൽ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.
പൗരത്വ നിയമഭേദഗതി, ആരാധലായ സംരക്ഷണം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജികൾ തുടങ്ങിയ വിശദീകരിച്ച് സുപ്രീംകോടതിയിൽ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. അടിച്ചേൽപിച്ച ബില്ലെന്നാണ് സോണിയ ഗാന്ധി പ്രതികരിച്ചത്. ബില്ലിനെതിരെ സുപ്രീംകോടതിയിലേക്കെന്ന ഡിഎംഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ നേരത്തെ പ്രതികരിച്ചിരുന്നു.
ബില്ലിനെ പിന്തുണച്ച കക്ഷികൾക്കെതിരെ പാർലമെൻറിന് പുറത്തും പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. ഓന്തിൻറെയും കാക്കിനിക്കറിട്ട നിതീഷ് കുമാറിൻറെയും ചിത്രം ചേർത്ത പോസ്റ്റർ ഇറക്കി ആർജെഡി രൂക്ഷ പരിഹാസം ഉന്നയിച്ചു. യുപിയിൽ മായാവതി ബില്ലിനെതിരെ പ്രചാരണം തുടങ്ങി. മറ്റ് പ്രതിപക്ഷ പാർട്ടികളും സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. പല കക്ഷികളും സുപ്രീംകോടതിയിലേക്ക് നീങ്ങും.
അതേസമയം അർധരാത്രി പിന്നിട്ട മാരത്തൺ ചർച്ചയിലൂടെ ഇരുസഭകളിലും പാസായ ബിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. 14 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് രാജ്യസഭയിൽ ബില്ല് പാസായത്. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. 12 മണിക്കൂർ നീണ്ട ചർച്ചയ്ക്കും രണ്ട് മണിക്കൂർ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് ലോക്സഭയിൽ ബില്ല് പാസായത്. 232 എംപിമാർ എതിർത്തും 288 അംഗങ്ങൾ അനുകൂലമായുമാണ് വോട്ടു ചെയ്തത്. ഇരു സഭകളും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.
ബില്ലിനെ പ്രധാനമന്ത്രിയും അമിത് ഷായും വാനോളം പുകഴ്ത്തി. സുതാര്യതയില്ലായ്മയുടെ പര്യായമായിരുന്നു ഇതുവരെ വഖഫ് ബോർഡുകളെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അഴിമതിയുടെ കാലം അവസാനിച്ചെന്നും, വഖഫ് ബോർഡുകളും, ട്രിബ്യൂണലുകളും സുതാര്യമാകുമെന്നും അമിത്ഷായും അവകാശപ്പെട്ടു.