ലോകസഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മര്യാദയോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയുടെ താക്കീത്. സഭ സമ്മേളിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും എഴുന്നേറ്റ് സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കയുടെ അടുത്തെത്തി കവിളില്‍ തലോടിയതാണ് സ്പീക്കറെ ചെടിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭര്‍ത്താവും ഭാര്യയുമെല്ലാം സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയില്‍ പെരുമാറിയിട്ടുള്ളത്. ഇവരോടുള്ള സ്‌നേഹ പ്രകടനത്തിനുള്ള വേദിയല്ലിത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയില്‍ പാലിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മരാദ്യയോടെ പെരുമാറുന്നില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിനു പിന്നാലെ മാധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറുപടി പറയാനുണ്ടെന്ന് അറിയിച്ചെങ്കിലും കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സ്പീക്കര്‍ സഭയില്‍നിന്ന് പോയി.
അനാവശ്യമായി സഭ പിരിച്ചുവിട്ട് അദ്ദേഹം മടങ്ങി. എപ്പോഴൊക്കെ എഴുന്നേല്‍ക്കുമ്പോഴും, എനിക്ക് സംസാരിക്കാന്‍ അനുമതി ലഭിക്കാറില്ല. കഴിഞ്ഞ ഏഴെട്ടു ദിവസമായി ഒരക്ഷരം മിണ്ടാന്‍ എന്നെ അനുവദിച്ചിട്ടില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുക. പ്രധാനമന്ത്രി കുംഭമേളയുടെ വിജയത്തേക്കുറിച്ച് സംസാരിച്ച ദിവസം എനിക്കും സംസാരിക്കാനുണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ചായിരുന്നു അത്. എന്നാല്‍ അനുവദിച്ചില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്’ രാഹുല്‍ ഗാന്ധി ആരോപിച്ചു.
Read more
അതേസമയം, രാഹുലിനെ ശകാരിച്ചതില്‍ പ്രതിഷേധിച്ച് കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എം പിമാര്‍ സ്പീക്കറെ കണ്ടു. എന്നാല്‍ തന്നേക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നായിരുന്നു സ്പീക്കര്‍ മറുപടി നല്‍കി.