കണക്കുകളിൽ വ്യക്തത വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണം; ആശ വർക്കർമാരുടെ സമരം ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപിമാർ, അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം

കേരളത്തിലെ ആശാ വർക്കർമാരുടെ സമരം ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപിമാർ. കെസി വേണുഗോപാൽ, ശശി തരൂർ, വികെ ശ്രീകണ്ഠൻ, രാഹുൽ ഗാന്ധി, ഷാഫി പറമ്പില്‍ എന്നിവരാണ് വിഷയം ശൂന്യവേളയിൽ ഉന്നയിച്ചത്. ആശ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് വേണുഗോപാൽ ആരോപിച്ചു.

കേന്ദ്രസർക്കാർ പണം നൽകുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസർക്കാർ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണം. ആശമാർക്ക് 21,000 രൂപ പ്രതിമാസം അലവൻസും വിരമിക്കൽ ആനുകൂല്യവും നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വികെ ശ്രീകണ്ഠനും ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിലെ പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വർക്കർമാരെന്ന് ശശി തരൂർ പറഞ്ഞു. കോവിഡ് കാലത്തും നിർണായകമായ പ്രവർത്തനങ്ങൾ ആശ വർക്കമാർ നടത്തി. അമിതമായ ഉത്തരവാദിത്വങ്ങൾ അവരുടെ ചുമലിലുണ്ട്. ദിവസം 12 മുതൽ 14 മണിക്കൂർ വരെ ജോലിചെയ്യേണ്ടതായും വരുന്നു. എന്നിട്ടും അവരെ വളന്റിയർമാർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ഓണറേറിയവും ഇൻസെന്റീവുകളുമാണ് അവർക്ക് ലഭിക്കുന്നത്. അത് പലപ്പോഴും വൈകാറുമുണ്ടെന്നും ശശി തരൂർ വിമർശിച്ചു.

Read more