'തനിക്കെതിരെ നടന്ന സമരം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തത്, വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാർ'; ബ്രിജ് ഭൂഷണ്‍

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാറാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

തനിക്കെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും നടത്തിയ സമരങ്ങളും കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. ഗുസ്തിയിലെ മുന്നേറ്റത്തിലൂടെ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും നേടിയെടുത്ത പേര് രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടും. വിഷ്‌ണോഹര്‍പുരിലെ വസിതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുസ്തി മേഖലയില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയവരാണവര്‍. എങ്കിലും അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളത്. ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പോലും അവരെ പരാജയപ്പെടുത്താനാകും. ഇതോടെ അവരുടെ പേരുകള്‍ എന്നന്നേക്കുമായി വിസ്മരിക്കപ്പെടും. ഇരുവരുടേയും രാഷ്ട്രീയ മോഹങ്ങളൊന്നും നടപ്പുള്ള കാര്യമല്ലെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കെ ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ബ്രിജ് ഭൂഷനെതിരെ പ്രതിഷേധത്തിന്റെ ഗോദയില്‍ മുന്‍നിരയിലുണ്ടായിരുന്ന താരങ്ങളാണ് വിനേഷും പുനിയയും. ഇന്നലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഗുസ്തി താരം ബജ്റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായും തെരഞ്ഞെടുത്തു.