ഒരേയൊരിന്ത്യ, തൊഴിലില്ലാത്ത ഇന്ത്യ, കാവല്‍ക്കാരന്‍ കള്ളനാണ്; രണ്ടു വര്‍ഷം കൂടുമ്പോള്‍ നോട്ടു നിരോധിച്ച് പകരം പുതിയ നിറങ്ങളിലുള്ള നോട്ടുകള്‍; ഭാരതീയ ജുംല പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തു വിട്ട് കോണ്‍ഗ്രസ്

വിഡ്ഢി ദിനത്തോട് അനുബന്ധിച്ച് ബിജെപിയുടെ പാരഡി പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. വാഗ്ദാന ലംഘനം നടത്തുന്ന പാര്‍ട്ടി വീണ്ടും നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണ് പ്രകടനപത്രികയില്‍. ഒരേയൊരിന്ത്യ, തൊഴിലില്ലാത്ത ഇന്ത്യ, കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പേരിലാണ് പത്രിക പുറത്തിറക്കിയത്. ബിജെപിയുടെ താമര ചിഹ്നം തലകീഴായി കിടക്കുന്ന ചിത്രമടക്കമാണ് ഭാരതീയ ജുംല എന്നപേരില്‍ പാര്‍ട്ടിയെ കളിയാക്കി പത്രിക പുറത്തിറക്കയത്.

ജനാധിപത്യത്തെ മറികടക്കുന്ന ഏകാധിപത്യം, അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷം, ജോലിയില്ലാത്ത യുവത, തുടങ്ങിയവയാണ് ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് എന്ന് പത്രികയില്‍ പരിഹസിക്കുന്നു.

പ്രശ്നങ്ങള്‍ വഴി തിരിച്ചു വിട്ട് നെഹ്റുവിനെ കുറ്റം പറയാന്‍ മാത്രം ഔദ്യോഗിക വക്താവിനെ നിയമിക്കും, പ്രധാന വാര്‍ത്താ സ്രോതസ്സായി വാട്സ്അപ്പ് ഉപയോഗിക്കും, രണ്ടു വര്‍ഷം കൂടുമ്പോള്‍ നോട്ടു നിരോധനം നടപ്പിലാക്കുമെന്നൊക്കെ പറയുന്നു.

തൊഴിലില്ലായ്മ എന്ന പദത്തിന് പകരം നിഘണ്ടുവില്‍ ചൗക്കിദാര്‍ എന്ന പദം ഉപയോഗിക്കുമെന്നും, തട്ടിപ്പുകാര്‍ക്ക് സംരക്ഷണം നല്‍കുമെന്നും, ഡാറ്റകള്‍ തിരിമറി നടത്തുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ നോട്ടു നിരോധനം നടപ്പിലാക്കുമെന്നാണ് മറ്റൊരു സുപ്രധാന വാഗ്ദാനം. പകരം ആകര്‍ഷകമായ പുതിയ നിറങ്ങളിലുള്ള നോട്ടുകള്‍ പുറത്തിറക്കുമെന്നും പറയുന്നു.

Read more

വായ്പാതട്ടിപ്പുകാര്‍ക്ക് സുരക്ഷിതമായി രാജ്യം വിടാന്‍ 15 ദിവസം അനുവദിക്കും, എല്ലാ പ്രതിരോധ കരാറുകളും എ.എ (അനില്‍ അംബാനി)യ്ക്ക് കൈമാറും. 45 വര്‍ഷക്കാലത്തെ തൊഴിലില്ലായ്മ റെക്കോഡുകള്‍ ഭേദിച്ച സ്ഥിതിക്ക് ഇനി 70 വര്‍ഷത്തെ റെക്കോഡ് തകര്‍ക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ബി.ജെ.പിയുടെ നയങ്ങളെ ന്യായീകരിച്ചു കൊണ്ട് ബ്ലോഗുകള്‍ എഴുതുന്ന അരുണ്‍ ജെയ്റ്റ്ലിയെ ബ്ലോഗ് മിനിസ്റ്റര്‍ എന്നാണ് പത്രികയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.