നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി കണക്കിലെടുത്ത് മധ്യപ്രദേശ് കോൺഗ്രസിൽ വൻ അഴിച്ചുപണി നടത്തി ഹൈക്കമാന്റ്. മുൻ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്ന കമൽ നാഥിനെ മാറ്റി നിർത്തിയാണ് പുതിയ പരിഷ്കാരങ്ങൾ. പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും ഏറെക്കുറെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും കമൽ നാതിനെ മാറ്റിയിരിക്കുകയാണ്.
പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിനൊപ്പം തന്നെ പ്രതിപക്ഷ നേതൃ സ്ഥാനവും നൽകിയില്ല. ജിത്തു പട്‍വാരിയെ ആണ് പുതിയ പി സി സി അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായി ഉമംഗ് സിംഘറിനെയും തെരഞ്ഞെടുത്തു.ഹേമന്ദ് കടാരെയാകും മധ്യപ്രദേശിലെ പ്രതിപക്ഷ ഉപനേതാവ്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് മധ്യപ്രദേശിലെ കോൺഗ്രസിലെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്.നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തന്നെ കമൽ നാഥിന്‍റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ഹൈക്കമാൻഡും ഇത് സംബന്ധിച്ച സൂചനകളും തന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തീരുമാനം എടുത്തത്.