കേന്ദ്ര സര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.
മോദി സര്‍ക്കാറിന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ജയ്‌റാം രമേശ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നിരുന്നു. 11 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്‍ പാസാക്കിയത്.
2005ലെ വിവാരാവകാശ നിയമ ഭേദഗതി ( 2019), തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി (2024) ഉള്‍പ്പെടെ പണ്ടു മുതലുള്ള നിയമങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിയടക്കം എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഇപ്പോഴും കോടതിയുടെ പരിഗണിയിലാണെന്നും ജയറാം രമേശ് ട്വീറ്റിലൂടെ വ്യക്തമാക്കി.
അതേസമയം, വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ് സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതിനിടെ നിയമത്തെ ചോദ്യം ചെയ്ത് ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തമിഴ്നാട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക.
തമിഴ്നാട് നിയമസഭയിലെ ബിജെപി ഇതര അംഗങ്ങള്‍ വഖഫ് നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്.
വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് അടുത്ത ആഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആണ് സാധ്യത.