തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
2024ലെ പൊതു തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പുകളിലും വിജയിക്കാനുള്ള പുനരുജ്ജീവന പദ്ധതികള്‍ അടങ്ങിയ രൂപരേഖ പ്രശാന്ത് കിഷോര്‍ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചിരുന്നു.
പ്രശാന്ത് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധിക്കുകയാണ്. പദ്ധതിയെക്കുറിച്ചും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെക്കുറിച്ചും നേതാക്കളോട് അഭിപ്രായം തേടിയിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് 2.0 പ്ലാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം 1984 മുതല്‍ 2019 വരെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വലിയ തകര്‍ച്ചയുടെ കാരണങ്ങള്‍ പട്ടികപ്പെടുത്തി കഴിഞ്ഞ വര്‍ഷം പ്രശാന്ത് കിഷോറര്‍ ഗാന്ധിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങല്‍ എന്‍ഡിടിവി പുറത്ത് വിട്ടിട്ടുണ്ട്. 2024ലെ വിജയം ലക്ഷ്യം വച്ചുള്ള പദ്ധതികളാണ് അവതരിപ്പിച്ചത്. നേതാക്കളുടെ പ്രവര്‍ത്തനപരിചയവും പാരമ്പര്യവും മുതലാക്കുന്നതില്‍ കോണ്‍ഗ്രസിനു വീഴ്ച പറ്റിയെന്ന് അതില്‍ പറയുന്നു.
സംഘടനാ ദൗര്‍ബല്യവും, ജനങ്ങളുമായുള്ള ബന്ധമില്ലായ്മയും പരാജയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി നേതൃത്വം പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് പ്രശാന്ത് നല്‍കിയ നിര്‍ദ്ദേശം.
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധിയെയും വര്‍ക്കിങ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയി ഗാന്ധി ഇതര ആളെയും വയ്ക്കണം. പാര്‍ലമെന്ററി ബോര്‍ഡ് ചീഫായി രാഹുല്‍ ഗാന്ധിയെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
‘കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഗാന്ധിയല്ലാത്ത വര്‍ക്കിംഗ് പ്രസിഡന്റ്/വൈസ് പ്രസിഡന്റിന്റെ ആവശ്യമുണ്ട്,’ പ്രശാന്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 17 സംസ്ഥാനങ്ങളിലായുള്ള 358 സീറ്റുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നിര്‍ദ്ദേശം. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സഖ്യങ്ങളുടെ ഭാഗമായി 168 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കണം.
സഖ്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കണം. സ്വജനപക്ഷപാതത്തെ പ്രതിരോധിക്കാന്‍ ‘ഒരു കുടുംബം, ഒരു ടിക്കറ്റ്’ എന്ന രീതിയിലേക്ക് മാറണം. കോണ്‍ഗ്രസ് പ്രസിഡന്റും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങള്‍ക്കും നിശ്ചിത കാലാവധി വയ്ക്കണം. 15,000 താഴേത്തട്ടിലുള്ള നേതാക്കളെ തിരിച്ചറിയണം. രാജ്യത്തുടനീളം 1 കോടി അംഗങ്ങളെ സജീവ പ്രവര്‍ത്തകരാക്കണം. ഡിജിറ്റല്‍ ശൃംഖലകള്‍ ഉള്‍പ്പടെ ശക്തിപ്പെടുത്തി പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുന്ന തരം പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.