ബിആര്‍ അംബേദ്കറെ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണത്തില്‍ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അമിത് ഷാ. കോണ്‍ഗ്രസ് വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു. കോണ്‍ഗ്രസ് ബിആര്‍ അംബേദ്കര്‍ വിരുദ്ധരാണെന്നും അമിത്ഷാ പറഞ്ഞു.
ഭരണഘടനയ്ക്കും സംവരണത്തിനും അവര്‍ എതിരാണ്. വീര്‍ സവര്‍ക്കറെയും കോണ്‍ഗ്രസ് അപമാനിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ഭരണഘടനാ മൂല്യങ്ങളും തകര്‍ത്തുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രതികരണം.
ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത്ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നുവെന്നായിരുന്നു പ്രസ്താവന.