കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘ലവ് ജിഹാദ്’ വിഷയത്തില്‍ രാഷ്ട്രീയ പോര്. മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവം ബിജെപി ഏറ്റെടുത്തതോടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്തിനെ(23) സഹപാഠി കുത്തി കൊലപ്പെടുത്തിയത് ലവ് ജിഹാദിന്റെ പേരിലാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാര്‍ഥിസംഘടനയായ എബിവിപി ആദ്യം രംഗത്തെത്തി. പിന്നാലെ കൊലപാതകം ലവ് ജിഹാദിന്റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്തും അമ്മയും നിലപാട് എടുത്തു. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണിപ്പോള്‍.
കര്‍ണാടകയിലെ ബി.വി.ബി കോളേജില്‍ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിയായിരുന്നു നേഹ. ബി.സി.എ പഠിക്കുമ്പോള്‍ നേഹയുടെ സഹപാഠിയായിരുന്ന ഫയാസ് ഖൊഡുനായിക് നേഹയെ കോളേജ് കാംപസില്‍ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച കോളേജിനുള്ളില്‍ കയറി അക്രമിച്ച ഫയാസ്, നേഹയുടെ ശരീരത്തില്‍ ആറു തവണ കത്തികൊണ്ട് കുത്തി. കുത്തേറ്റ നേഹ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ലവ് ജിഹാദ് പൂര്‍ണമായും തള്ളി വ്യക്തിപരമായ കാരണങ്ങളാണ് ആക്രമത്തിലേക്ക് നയിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് പറയുന്നത്. ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി വിട്ടുനിന്നപ്പോള്‍ പ്രകോപിതനായ യുവാവ് കുത്തികൊല്ലുകയായിരുന്നെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വവര വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യ മന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി. കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചു.