രാജസ്ഥാനില്‍ ഇത്തവണ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടി ഭരണം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് ഭരണം മാറി വരുന്ന രീതി ഇത്തവണ അവസാനിപ്പിക്കുമെന്നും അടുത്ത സര്‍ക്കാരിനെ ആര് നയിക്കുമെന്ന കാര്യം പുതിയ എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സച്ചിന്‍ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത്തവണ എല്ലാവരും ഒരുമിച്ച് പോരാടും. 2018ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം തന്നെ നിറവേറ്റാനായി എന്നതാണ് തന്റെ വിശ്വാസമെന്നും സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു രീതി നിലവിലുണ്ട്.
അതനുസരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ നേതാക്കള്‍ പാര്‍ട്ടിയുടെ എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷം ആര് മുഖ്യമന്ത്രി ആകണമെന്ന് തീരുമാനിക്കുമെന്നും സച്ചിന്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമെന്ന നിലയില്‍ ബിജെപി പരാജയമാണ്. രാജസ്ഥാന്‍ ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തില്‍ ഭരണകക്ഷിയുടെ കടമ നിറവേറ്റാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ക്രമസമാധാന നിലയെക്കുറിച്ച് സംസാരിക്കുന്ന ബിജെപി ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ദലിതരും ഗോത്രവിഭാഗക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സച്ചിന്‍ ആരോപിച്ചു. രാജസ്ഥാനില്‍ നിന്ന് പുറത്ത് വരുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളെല്ലാം തന്നെ കോണ്‍ഗ്രസിന് അനുകൂലമാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.