Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു; സ്‌ക്രീനുകള്‍ കുത്തിക്കീറി

, 10:28 am

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആധാരമാക്കി നിര്‍മിച്ച ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നേരെ ആക്രമണം. കൊല്‍ക്കത്ത നഗരത്തിലെ ക്വസ്റ്റ് മാളില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററിലാണ് സംഭവം. പ്രവര്‍ത്തകര്‍ തിയേറ്ററിന് നേരെ ആക്രമണം അഴിച്ചുവിടുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസ് പതാകകളുമായി എത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. സിനിമ കാണാനെത്തിയവരേയും ഇവര്‍ വിരട്ടി ഓടിച്ചു. ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

‘മുതിര്‍ന്ന നേതാക്കന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്നതാണ് ചിത്രം. എവിടെയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’ – കോണ്‍ഗ്രസ് നേതാവ് രാകേഷ് സിങ് പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്ഥലത്ത് പോലീസ് എത്തുകയും സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദര്‍ശനം തുടരുകയും ചെയ്തു. സംസ്ഥാന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാരും പ്രതിഷേധത്തിന്റെ ഭാഗമായില്ല. ചിത്രം ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു. സിനിമ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകളെ വളച്ചൊടിക്കുന്നതുമാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഒഴിവാക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. 2004 മുതല്‍ 2008 വരെ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകം അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Advertisement