വിവാഹം കഴിക്കാന്‍ നിരന്തരം നിര്‍ബന്ധം; പൊലീസ് കോണ്‍സ്റ്റബിളിനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹം വൈകുന്നതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് മധ്യപ്രദേശ് പൊലീസിലെ പ്രത്യേക സായുധ സേനയിലെ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി. 32കാരനായ അനുരാഗ് രജാവത് ആണ് കൊല്ലപ്പെട്ടത്. ഹെഡ് കോണ്‍സ്റ്റബിളായ പിതാവ് സുഖ്‌വീര്‍ രജാവതിന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു കൊലപാതകം നടന്നത്.

ബുധനാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അനുരാഗ് രജാവതിന്റെ ഇളയ സഹോദരന്‍ ഗോവിന്ദ്, ബന്ധുവായ ഭീം സിംഗ് പരിഹാര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൊല്ലപ്പെട്ട അനുരാഗ് തന്റെ വിവാഹം വൈകുന്നതിനെ ചൊല്ലി നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അനുരാഗിന്റെ അമിത മദ്യപാനം കാരണം ഇയാളെ വിവാഹം കഴിപ്പിക്കുന്നതില്‍ കുടുംബത്തിന് താത്പര്യം ഉണ്ടായിരുന്നില്ല.

സംഭവ ദിവസം അനുരാഗിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. മദ്യപിച്ചെത്തിയ അനുരാഗ് പതിവ് പോലെ വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് വഴക്ക് സംഘര്‍ഷത്തിലേക്ക് വഴിവച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ സഹോദരന്‍ ഗോവിന്ദിനെ ആക്രമിച്ചതോടെ സംഭവം വഷളാകുകയായിരുന്നു.

Read more

തലയ്ക്ക് ഗുരുതര പരിക്കേറ്റാണ് അനുരാഗ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ബന്ധുവിന്റെ സഹായത്തോടെ പിതാവും സഹോദരനും ചേര്‍ന്ന് മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് ബൈക്കില്‍ അതിവേഗം പോയ പ്രതികളെ പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടില്‍ നിന്ന് അനുരാഗിന്റെ മൃതദേഹം കണ്ടെടുത്തത്.