കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംപിയുമായ രാഹുല്‍ ഗാന്ധി ലോക്‌സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തി കാട്ടിയാണ് രാഹുല്‍ സത്യപ്രതിജ്ഞയ്ക്കായി ചേംബറിലേക്ക് കയറിയത്. ഭരണപക്ഷത്തിന്റെ നേര്‍ക്ക് രാഹുല്‍ഗാന്ധി ഭരണഘടന ഉയര്‍ത്തിക്കാട്ടിയതോടെ പ്രതിപക്ഷം കൈയടിച്ച് സ്വീകരിച്ചു.
ഇംഗ്ലീഷിലായിരുന്നു രാഹുല്‍ സത്യവാചകം ചൊല്ലിയത്. പ്രതിപക്ഷം ജോഡോ ഭാരത് മുദ്രാവാക്യം വിളിച്ചതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ലോക്‌സഭയില്‍ എത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുല്‍ സത്യപ്രതിജ്ഞ ചെയ്തത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലുമായിരുന്നു രാഹുല്‍ മത്സരിച്ചത്. ഇരു മണ്ഡലങ്ങളിലും വിജയിച്ചതിന് പിന്നാലെ വയനാട് മണ്ഡലത്തില്‍ രാഹുല്‍ രാജി വയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.