'താത്വിക ആചാര്യ'ന്റെ വാക്ക് കടമെടുത്ത് ബിജെപിയ്ക്കിട്ട് രാഹുലുന്റെ കൊട്ട്; 'സവര്‍ക്കറുടെ മനുസ്മൃതിയും വിരലറുക്കുന്ന ദ്രോണരാകുന്ന ബിജെപിയും'

ഇന്ത്യന്‍ ഭരണഘടന രാജ്യത്ത് കൈക്കൊണ്ടതിന്റെ 75ാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിനുള്ളില്‍ നടന്ന ചര്‍ച്ചകളില്‍ സവര്‍ക്കറെ മുന്‍നിര്‍ത്തി കാവി പാര്‍ട്ടിയ്ക്ക് നേര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ബിജെപി താത്വിക ആചാര്യനായി കാണുന്ന സവര്‍ക്കറിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ബിജെപിയ്ക്ക് നേര്‍ക്ക് രാഹുല്‍ ഗാന്ധി അസ്ത്രം തൊടുത്തത്. ഭരണഘടനയെ ഒരു കാലഘട്ടത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്ന തരത്തില്‍ തള്ളിപ്പറഞ്ഞയാളെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായി കാണുന്നവര്‍ക്ക് ഇന്നും മനുസ്മൃതിയാണ് വലുതെന്ന പരിഹാസമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. ഭരണഘടനയും മനുസ്മൃതിയും കയ്യിലെടുത്താണ് ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഭരണഘടനയ്‌ക്കെതിരായ സവര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ അക്കമിട്ടുനിരത്തി സവര്‍ക്കര്‍ പറഞ്ഞത് നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്.

വിഡി സവര്‍ക്കര്‍ അടക്കം ആര്‍എസ്എസുകാര്‍ ‘ഇന്ത്യയുടേതായി ഒന്നുമില്ലാത്ത ഭരണഘടന’യാണ് ഇതെന്ന് പറഞ്ഞു തള്ളിക്കളയാന്‍ ശ്രമിച്ച ഭരണഘടന രാജ്യം സ്വീകരിച്ചതിന്റെ 75ാം വാര്‍ഷികമാണ് ഇതെന്ന ഓര്‍മ്മപ്പെടുത്തലിനാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഇന്ന് ശ്രമിച്ചത്. ബി.ജെ.പിയുടെ അല്ല, മറിച്ച് ആര്‍എസ്എസിന്റെ ആശയങ്ങളുടെ ആധുനിക വ്യാഖ്യാനത്തിന്റെ പരമോന്നത നേതാവ് ഇന്ത്യയുടെ ഭരണഘടനയെ കുറിച്ചും എങ്ങനെ ഈ രാജ്യം ഭരിക്കണമെന്നതിനെ കുറിച്ചു പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് എന്റെ പ്രസംഗം ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചു തുടങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയുടെ കാര്യത്തില്‍ ഏറ്റവും മോശം അതില്‍ ഇന്ത്യയുടേതായി ഒന്നുമില്ല എന്നതാണെന്നാണ് സവര്‍ക്കര്‍ പറഞ്ഞിരുന്നത്.

നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധിക്കപ്പെടുന്നതും നമ്മുടെ പുരാതന കാലം മുതല്‍ നമ്മുടെ സംസ്‌കാരത്തിനും ആചാരങ്ങള്‍ക്കും ചിന്തകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അടിസ്ഥാനമായി മാറിയതുമായ ഗ്രന്ഥമാണ് മനുസ്മൃതിയെന്നാണ് സവര്‍ക്കര്‍ പറഞ്ഞുവെച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ഈ പുസ്തകം നമ്മുടെ രാജ്യത്തിന്റെ ആത്മീയവും ദൈവികവുമായ യാത്രയെ ക്രോഡീകരിച്ചിട്ടുണ്ടെന്നും ഇന്ന് മനുസ്മൃതി നിയമമാണെന്നും സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. സവര്‍ക്കറുടെ ഈ വാക്കുകളാണ് രാഹുല്‍ ഗാന്ധി ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാണിച്ചത്.

നമ്മുടെ ഭരണഘടനയില്‍ ഇന്ത്യനായതൊന്നും ഇല്ലെന്ന് സവര്‍ക്കര്‍ തന്റെ രചനകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ ചലിപ്പിക്കുന്ന ഈ പുസ്തകത്തെ മാറ്റിസ്ഥാപിക്കണമെന്നും മനുസ്മൃതിയെന്ന ഈ പുസ്തകം കൊണ്ട് അതിനെ തള്ളിക്കളയണമെന്നുമാണ് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുള്ളത്. ഇതാണ് ഇപ്പോഴത്തെ പോരാട്ടം.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബിജെപിയുടെയും ആര്‍എസ്എസിന്റെയും സൈദ്ധാന്തികനായി കാണുന്ന സവര്‍ക്കറിന്റെ ഭരണഘടനാ തിരസ്‌കാരത്തെ ചോദ്യം ചെയ്താണ് ഭരണഘടന സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പോരാട്ടത്തെ കുറിച്ച് ആവര്‍ത്തിച്ചു പറയുന്നത്. ഭരണഘടനയ്‌ക്കെതിരെ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് നേതാക്കളേയും സൈദ്ധാന്തികരേയും ചോദ്യമുനയില്‍ നിര്‍ത്തുന്നുണ്ട്. മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്ന് പറഞ്ഞ സൈദ്ധാന്തികനെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോയെന്ന ചോദ്യമാണ് ബിജെപിയ്ക്ക് നേര്‍ക്ക് രാഹുല്‍ തൊടുത്തത്.

എനിക്ക് ഭരണകക്ഷിക്കാരായ നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങളുടെ നേതാവിന്റെ വാക്കുകളെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? കാരണം നിങ്ങള്‍ പാര്‍ലമെന്റില്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുകയാണ്, നിങ്ങള്‍ സവര്‍ക്കറെ അധിക്ഷേപിക്കുകയാണ്, സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുകയാണ്.

ഭരണകക്ഷിനേതാക്കള്‍ ശബ്ദമുയര്‍ത്തി തടയുമ്പോഴും പ്രതിപക്ഷ നേതാവ് ബിജെപിയെ അവരുടെ തന്നെ ആശയങ്ങളെ ചോദ്യം ചെയ്ത് മുള്‍മുനയില്‍ നിര്‍ത്തി. മനുസ്മൃതിയിലും സവര്‍ക്കറിലും തുടങ്ങിയത് നിലവില്‍ ബിജെപിയെ പാര്‍ലമെന്റില്‍ ചൊടിപ്പിക്കുന്ന അദാനിയിലേക്കും അംബാനിയിലേക്കും രാഹുല്‍ ഗാന്ധി കൊണ്ടുവന്നുനിര്‍ത്തി. ഹൈന്ദവ ഇതിഹാസങ്ങളിലെ ഏകലവ്യനെ മുന്‍നിര്‍ത്തിയായിരുന്നു അടുത്ത ആക്രമണം. ഗുരു ദ്രോണരെ പ്രീണിപ്പിക്കാന്‍ അയാളുടെ ചതിയില്‍ കൈവിരല്‍ മുറിച്ചു നല്‍കിയ ഏകലവ്യനെ ഉപമിച്ചായിരുന്നു അഗ്നിവീര്‍ പദ്ധതിയെ രാഹുല്‍ പ്രതിപാദിച്ചത്. ദ്രോണാചാര്യര്‍ ഏകലവ്യന്റെ വിരല്‍ മുറിച്ചതു പോലെ ബിജെപിയെന്ന കാവിപ്പാര്‍ട്ടി ഇന്ത്യയുടെ വിരല്‍ മുറിക്കുകയാണെന്നും യുവാക്കളുടെ പ്രതീക്ഷയാകുന്ന വിരലും കര്‍ഷകരുടെ വിരലും അറത്തുമാറ്റുകയാണെും് രാഹുല്‍ പറഞ്ഞു.

അഗ്‌നിവീര്‍ നടപ്പാക്കിയപ്പോള്‍ യുവാക്കളുടെ തള്ളവിരലാണ് നിങ്ങള്‍ വെട്ടിമാറ്റിയത്. നിങ്ങള്‍ക്ക് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലെ യുവാക്കളുടെ തള്ളവിരല്‍ വെട്ടിമാറ്റി … ഇന്ന് നിങ്ങള്‍ ഡല്‍ഹിക്ക് പുറത്ത് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു, നിങ്ങള്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് അഴിച്ചുവിട്ടു.കര്‍ഷകര്‍ നിങ്ങളില്‍ നിന്ന് താങ്ങുവില ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ അദാനിക്കും അംബാനിക്കും ലാഭം നല്‍കുകയും കര്‍ഷകരുടെ തള്ളവിരല് അറുത്ത് മാറ്റുകയും ചെയ്യുന്നു. ഞങ്ങള്‍ അഭയമുദ്ര എന്നും ഭയപ്പെടരുതെന്നും പറയുമ്പോള്‍ നിങ്ങള്‍ ഞങ്ങള്‍ നിങ്ങളുടെ വിരല്‍ അറുക്കമെന്നാണ് പറയുന്നത്. ഇതാണ് വ്യത്യാസം.

ഹാത്രസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തവര്‍ സുഖമായി നടക്കുകയാണെന്നും നാലുവര്‍ഷമായിട്ടും ആ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. യുപിയില്‍ ഭരണഘടനയല്ല, മനുസ്മൃതിയാണ് നടപ്പാക്കുന്നതെന്നും രാഹുല്‍ തുറന്നടിച്ചു. ഞങ്ങള്‍ വിശ്വസിക്കുന്നത് ഭരണഘടനയിലാണെന്നും ഒരു കൂട്ടം ആശയങ്ങളാണ് ഭരണഘടനയുടെ അന്തസത്തയെന്നും അതില്‍ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും ആശയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുനിര്‍ത്തുന്നു.