വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാക്കിക്കൊണ്ട് ഇരിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. മൂന്ന് വ്യത്യസ്ത നിയമങ്ങള്‍ക്ക് പകരം ഒരു സമഗ്ര ബില്ലായിരിക്കും കൊണ്ടുവരിക. മിനിമം താങ്ങുവില സംബന്ധിച്ച പ്രശ്‌നം മാര്‍ഗനിര്‍ദേശമായി പരിഗണിക്കണോ, അതോ കര്‍ഷകര്‍ ആവശ്യപ്പെടുന്നത് പോലെ നിയമപരമായ രൂപത്തിലാണോ പരിഹരിക്കേണ്ടത് എന്ന കാര്യവും കൃഷി മന്ത്രാലയം ആലോചിക്കുകയാണ്.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച എല്ലാ ബോര്‍ഡുകളും അടച്ചുപൂട്ടാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥ ഉണ്ടാക്കും. ബോര്‍ഡുകള്‍ എടുത്ത എല്ലാ തീരുമാനങ്ങളും അസാധുവായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ രൂപീകരിച്ചിട്ടുള്ള എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം നിര്‍ത്തും. നിയമങ്ങള്‍ നിലവിലുണ്ടായിരുന്ന ആറ് മാസ കാലയളവില്‍ തന്നെ ചില സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതായാണ് അറിയുന്നത്.
നവംബര്‍ 20 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്. ‘ഞങ്ങളുടെ കര്‍ഷകരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചെടുക്കുന്നു.’ കര്‍ഷകര്‍ അവരുടെ വീടുകളിലേക്കും വയലുകളിലേക്കും മടങ്ങണമെന്ന് ആഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
Read more
എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ മാത്രമല്ല പ്രശ്നമെന്നും മറ്റെല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. താങ്ങുവിലയില്‍ സര്‍ക്കാരിന്റെ ഉറപ്പ് വേണമെന്ന ആവശ്യവും അവര്‍ ആവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ ഔപചാരികമായി റദ്ദാക്കുന്നത് വരെ തലസ്ഥാന അതിര്‍ത്തിയിലെ ആറ് പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും, പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.